Saint Euphrasia
13-June,2014
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്
ഭാരതത്തിലെ കത്തോലിക്കാസഭയ്ക്കു മണിമകുടങ്ങളായി ഇതാ കേരളത്തില്‍നിന്നു
രണ്ടു വിശുദ്ധാത്മാക്കള്‍കൂടി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനും മദര്‍
എവുപ്രാസ്യ എലുവത്തിങ്കലും. ഇവര്‍ രണ്ടുപേരും സീറോ മലബാര്‍ സഭയുടെ
മക്കളാണെന്ന വസ്തുത ഈ സഭയെ സംബന്ധിച്ചെടുത്തോളം സന്തോഷകരമാണ്.
വരാപ്പുഴ വികാരിയാത്തില്‍ സുറിയാനി ക്രൈസ്തവരുടെ വികാരി ജനറാളായിരുന്ന
ചാവറയച്ചന്‍, തന്റെ വിശുദ്ധജീവിതംകൊണ്ടും കര്‍മനിരതമായ അജപാലന
ശുശ്രൂഷകൊണ്ടും സമൂഹോദ്ധാരണപരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും അന്നത്തെ
കേരളസമൂഹത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്.
വരാപ്പുഴ വികാരിയാത്തിലെ മെത്രാപ്പോലീത്തമാരുടെ നിര്‍ദേശങ്ങളനുസരിച്ച്
സഭയുടെ വിശ്വാസപരമായ നവീകരണ പരിശ്രമങ്ങള്‍ക്കും പാവപ്പെട്ടവരുടെ
ഉന്നമനത്തിനുംവേണ്ടി അക്ഷീണം അധ്വാനിച്ച ഒരു വൈദിക വരേണ്യനാണു നവംബര്‍ 23നു
വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ചാവറയച്ചന്‍. സമൂഹത്തിലെ
ഉച്ചനീചത്വങ്ങള്‍ ഉച്ചാടനം ചെയ്യുന്നതിന് അദ്ദേഹമെടുത്ത പരിശ്രമങ്ങള്‍
നിസ്തുലമാണ്.
രണ്ടു സമര്‍പ്പിത സമൂഹങ്ങളുടെ -സിഎംഐയുടെയും സിഎംസിയുടെയും - സ്ഥാപകനാണ്
അദ്ദേഹം. സന്യാസജീവിതത്തിലൂടെ സഭാനവീകരണം സാധിക്കുകയായിരുന്നു ഈ സമര്‍പ്പിത
സമൂഹങ്ങളുടെ സ്ഥാപനത്തിലൂടെ അദ്ദേഹം ലക്ഷ്യം വച്ചത്. വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, അതു പള്ളിയുടെ പറമ്പു വിറ്റായാലും സ്ഥാപിച്ച് എല്ലാവര്‍ക്കും
വിദ്യാഭ്യാസം നല്‍കണമെന്നതില്‍ അദ്ദേഹത്തിനു നിര്‍ബന്ധബുദ്ധിയായിരുന്നു.
എല്ലാറ്റിലുമുപരി പ്രാര്‍ഥനാജീവിതത്തിലുടെ നേടിയ ദൈവാനുഭവമാണു തന്റെ
കര്‍മനിരതമായ ജീവിതത്തിന് അദ്ദേഹത്തിനു ശക്തിപകര്‍ന്നത്. ഈ വീരോചിതമായ
സാക്ഷ്യങ്ങള്‍ അദ്ദേഹത്തെ വിശുദ്ധപദവിയിലെത്തിച്ചു. ദൈവത്തിനു സ്തുതി!
ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിനു സന്തോഷിക്കാം, ദൈവത്തിനു നന്ദി പറയാം.
എല്ലാ ദൈവവിശ്വാസികള്‍ക്കും ആനന്ദം പകരുന്ന ഒരു സംഭവമാണ് ഈ
വിശുദ്ധാത്മാക്കളുടെ നാമകരണ നടപടി.
മദര്‍ എവുപ്രാസ്യാമ്മയെ സംബന്ധിച്ചെടുത്തോളം പ്രാര്‍ഥനയായിരുന്നു
വിശുദ്ധിയുടെ മാര്‍ഗം. ‘പ്രാര്‍ഥനയുടെ അമ്മ’യെന്നാണ് എവുപ്രാസ്യാമ്മ
അറിയപ്പെട്ടിരുന്നത്. അമ്മയുടെ പ്രാര്‍ഥന അനേകര്‍ക്കു പ്രാര്‍ഥിക്കാന്‍
പ്രേരണയായി. നാം ചെയ്യുന്ന ഏതൊരു സല്‍പ്രവൃത്തിയും മറ്റുള്ളവരിലേക്കു
വ്യാപിക്കുമെന്നതിനു തെളിവാണത്. സന്യാസജീവിത ക്രമത്തില്‍, ബ്രഹ്മചര്യം,
ദാരിദ്യ്രം, അനുസരണം എന്നീ വ്രതങ്ങളുടെ അടിസ്ഥാനത്തില്‍ വീരോചിതമായ നിഷ്ഠ
പാലിച്ചിരുന്ന എവുപ്രാസ്യമ്മ സ്വര്‍ഗത്തില്‍ ദൈവത്തിനു മുമ്പാകെ നേടിയ
മഹത്വം ഇതാ നമുക്കായി സഭ അറിയിക്കുന്നു. ഈ സംഭവത്തിലും നമുക്കു
സന്തോഷിക്കാം.
സമര്‍പ്പിതജീവിതക്കാരായ സമസ്തര്‍ക്കും ഈ രണ്ടു വിശുദ്ധരുടെ നാമകരണം
കൂടുതല്‍ വിശുദ്ധമായ ജീവിതത്തിലേക്കുള്ള ആഹ്വാനം നല്‍കട്ടെ.
ദൈവമക്കള്‍ക്കെല്ലാം ഈ വിശുദ്ധരുടെ മാധ്യസ്ഥം വിശുദ്ധജീവിതത്തിനു
ഉപകരിക്കുമാറാകട്ടെ.
Source: deepika
No comments:
Post a Comment